എങ്ങനെ ഒരു ഡിജിറ്റൽ പേരന്റ് ആകാം

ഇത് ഡിജിറ്റൽ യുഗമാണ്. ഈ ഡിജിറ്റൽ ലോകത്തിൽ കുട്ടികളുടെ  മൊത്തത്തിലുള്ള  വികസനത്തിന് മാതാപിതാക്കളുടെ ശ്രദ്ധയും മേൽനോട്ടവും അത്യാവശ്യമാണ്. കുട്ടികളുടെ  ജീവിതത്തിന്റെ ഒരു വലിയ ഭാഗം  ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു  തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ചെലവഴിക്കേണ്ടി വരുന്നതാണ്. ഇത് മനസിൽ വച്ചുകൊണ്ടാണ് 'ഡിജിറ്റൽ പേരന്റ് ' എന്ന ആശയത്തിന് രൂപം നൽകിയിരിക്കുന്നത് . വളരെ വേഗത്തിൽ വളരുന്ന സാങ്കേതിക വിദ്യയുടെ ലോകത്ത് തങ്ങളുടെ കുട്ടിയെ കൈപിടിച്ച്  നടത്താൻ കഴിയുന്ന മാതാപിതാക്കളെയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.  കുട്ടികൾക്ക് സൗകര്യപ്രദമായി അവരുടെ അനുദിന ജീവിതത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുവാൻ ഇതിലൂടെ സാധിക്കുന്നു.

ഒരു ഡിജിറ്റൽ പേരന്റ്  ആരാണെന്ന് നിങ്ങൾക്കിപ്പോൾ മനസ്സിലായി. ഇനി നിങ്ങൾക്ക് എങ്ങനെ അതായിത്തീരാം എന്നു നോക്കാം.

1. ഡിജിറ്റൽ ലോകത്തെ  അറിയുക

ഒരു ഡിജിറ്റൽ  പേരന്റ് ആകാനുള്ള  ആദ്യപടി സ്വയം സാങ്കേതിക വിദ്യ അഭ്യസിക്കുകയും പുതിയ സാങ്കേതിക വിദ്യയെയും  സംഭവവികാസങ്ങളെയും കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നതാണ്. ഇതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് അറിവു പകർന്നു കൊടുക്കാനും ഡിജിറ്റൽ ലോകത്ത് അവരെ കൈപിടിച്ചു നടത്താനും സാധിക്കുന്നു. തങ്ങൾക്ക് ഡിജിറ്റൽ ലോകത്തെ കുറിച്ചോ സാങ്കേതിക വിദ്യകളെകുറിച്ചോ അറിവില്ലാത്തതിനാൽ കുട്ടികൾ ഓൺലൈനിലും കംപ്യൂട്ടറിലും എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനാകുന്നില്ലെന്ന് പല മാതാപിതാക്കളും പരിതപിക്കുന്നതായി ദി ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. ഈ സാഹചര്യത്തിൽ,നിങ്ങളും സാങ്കേതിക  വിദ്യകളെ കുറിച്ച് പഠിക്കുകയും അറിവ് നേടുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു.

 

2. ഓഫ്‌ലൈനിലും ഓൺലൈനിലും പാലിക്കേണ്ടതായ മൂല്യങ്ങൾ കുട്ടിയുടെ ഉള്ളിൽ വളർത്തിയെടുക്കുക

ഇന്റർനെറ്റ് കുട്ടികൾക്ക്  പഠിച്ച പെരുമാറ്റങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിനുള്ള വലിയൊരു കളിസ്ഥലമാണ് ഒരുക്കി നൽകുന്നത്.  ഇതിൽ ഒളിഞ്ഞിരിക്കുന്നഅപകടകരമായ ഒന്നാണ് സൈബർ രംഗത്തെ ഭീഷണികൾ.  മീഡിയ ലിറ്ററസി  കൗൺസിൽ സിംഗപ്പൂർ വെളിപ്പെടുത്തിയതു പ്രകാരം മാതാപിതാക്കൾ കുട്ടികളുടെ  ' വാല്യൂ കോച്ച്' ആകുകയും  സൈബർ രംഗത്തെ അപകടങ്ങളെയും കുറ്റകൃത്യങ്ങളെയും കുട്ടികൾ പാലിക്കേണ്ട നിയന്ത്രണങ്ങളെയും കുറിച്ച് അവരെ ബോധവാൻമാരാക്കുകയും ചെയ്യേണ്ടതാണ്.

 

3. കുട്ടികളുടെ സ്വകാര്യത ലംഘിക്കാതെ എപ്പോഴും കമ്പ്യൂട്ടർ ആക്‌സസ് നിയന്ത്രിതമാക്കി വയ്ക്കുക

കുട്ടികൾ കംപ്യൂട്ടറിൽ അല്ലെങ്കിൽ ഓൺലൈനിൽ എന്തെല്ലാം ചെയ്യുന്നു എന്ന്,നിങ്ങൾ  അനുയോജ്യമെന്ന് കരുതുന്ന ഒരു മാർഗ്ഗത്തിലൂടെ മേൽനോട്ടം വഹിക്കുകയോ അല്ലെങ്കിൽ നിരീക്ഷിക്കുകയോ ചെയ്യേണ്ടതാണ്. നിങ്ങളുടെ ഉപകരണങ്ങളിൽ പാരന്റൽ കൺട്രോൾ ഉറപ്പുവരുത്തുന്ന നിരവധി സോഫ്റ്റ്‌വെയറുകൾ ഇന്ന് ലഭ്യമാണ്. ഇതിലൂടെ നിങ്ങൾക്ക് കൃത്യമായി എപ്പോൾ, എങ്ങനെ നിങ്ങളുടെ മക്കൾ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു എന്ന് അറിയാൻ സാധിക്കും.  വൈഫൈ, കമ്പ്യൂട്ടർ എന്നിവയ്ക്ക് പാസ്‌വേഡ് നൽകി പരിരക്ഷിക്കാൻ മറക്കരുത്.  വീട്ടിൽ  പൊതുവായ സ്ഥലത്ത് പി.സി. സൂക്ഷിക്കുക. ഇത് മൂലം നിങ്ങളുടെ കുട്ടിക്ക് നിങ്ങളുടെ അറിവില്ലാതെ ഉപകരണം ആക്‌സസ് ചെയ്യാൻ കഴിയില്ല.

ഡിജിറ്റൽ സ്‌പേസ് മക്കൾക്കൊപ്പം പഠിക്കാനും കളിക്കാനും അവരുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനും മാതാപിതാക്കൾക്ക് അവസരം നലകുന്നു. നിങ്ങളുടെ കുട്ടികൾക്ക് വളരെ ഗുണകരമായ   ഒരു ഉപകരണമായി കമ്പ്യൂട്ടറിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യേണ്ട സമയമായിരിക്കുന്നു.  ഡിജിറ്റൽ പാരന്റിംഗ്  നിങ്ങളുടെ കുട്ടി ഓൺലൈനിലും ഓഫ്‌ലൈനിലും ഉത്തരവാദിത്തമുള്ള ഒരാളായി വളരുമെന്ന് ഉറപ്പാക്കുകയും ചെയ്യും.