ഹൈബ്രിഡ് പഠനവും ബ്ലെൻഡഡ് പഠനവും

കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ, പഠനം ക്ലാസ് മുറികളിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ 2020 മുതൽ, മഹാമാരി കാരണം പഠനം വെർച്വൽ ക്ലാസ് മുറികളിലേക്ക് മാറി. അടച്ചുപൂട്ടലുകളിൽ ഇളവു വരുകയും സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകുകയും ചെയ്തതോടെ, ഹൈബ്രിഡ് പഠനത്തിന്റെയും ബ്ലെൻഡഡ് പഠനത്തിന്റെയും മോഡലുകൾ ഉപയോഗിച്ച് നമ്മൾ സാധാരണ നിലയിലേക്ക് മടങ്ങാൻ ശ്രമിച്ചു.

ഹൈബ്രിഡ് പഠനവും ബ്ലെൻഡഡ് പഠനവും ഒന്നുതന്നെ ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അവയിൽ ഒരേ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും—അതായത് ഓൺലൈൻ, വ്യക്തിഗത ക്ലാസുകൾ ഉണ്ടെങ്കിലും—അവ തികച്ചും വ്യത്യസ്തങ്ങളാണ്. ഇവ രണ്ടും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില പോയിന്റുകൾ ഇവിടെ കൊടുക്കുന്നു:

  • ഹൈബ്രിഡ് പഠനം എന്നത് ചില വിദ്യാർത്ഥികൾ നേരിട്ട് വന്ന് ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ, മറ്റുള്ളവർ  പഠനത്തിനായി പി.സി. ഉപയോഗിക്കുന്ന രീതിയാണ്. ഓൺലൈൻ പഠിതാക്കളെയും ക്ലാസ്സിൽ വന്നിരുന്ന് പഠിക്കുന്നവരെയും ഒരേസമയം പഠിപ്പിക്കാൻ അധ്യാപകൻ വീഡിയോ കോൺഫറൻസ് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.
  • ബ്ലെൻഡഡ് പഠനം വിദ്യാർത്ഥികളെ പഠിപ്പിക്കാൻ അധ്യാപകൻ ഓൺലൈൻ, ഓഫ് ലൈൻ ഉറവിടങ്ങൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്ന രീതിയാണ്. ചില പ്രവർത്തനങ്ങൾ പി.സി. ഉപയോഗിച്ചുള്ള പഠനത്തിലൂടെ ആണ് നടത്തുന്നത്, മറ്റുള്ള പ്രവർത്തനങ്ങളാകട്ടെ വ്യക്തിഗത ക്ലാസ്സ് മുറിയിൽ വെച്ചും.
  • ഹൈബ്രിഡ് ലേണിംഗിൽ, പിസി ഉപയോഗിച്ചുള്ള പഠനം വേണമോ നേരിട്ടു ഹാജരായുള്ള പഠനം വേണമോ എന്നത് തിരഞ്ഞെടുക്കേണ്ടത് വിദ്യാർത്ഥികളാണ്.
  • നേരെമറിച്ച്, ബ്ലെൻഡഡ് പഠനത്തിൽ ഓൺലൈൻ ആയിട്ടുള്ള, നേരിട്ടു ഹാജരായിട്ടുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത് അധ്യാപകനാണ്.
  • ഹൈബ്രിഡ് പഠനം എടുത്താൽ, നേരിട്ടു ഹാജരായിട്ടുള്ളതും ഓൺലൈൻ ആയിട്ടുള്ളതുമായ പഠിതാക്കൾ വ്യത്യസ്ത വ്യക്തികളാണ്.
  • എന്നാൽ, ബ്ലെൻഡഡ് പഠനത്തിൽ ഒരേ വിദ്യാർത്ഥികൾ തന്നെയാണ് നേരിട്ട് വന്നുള്ള ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സുകളിലും പങ്കെടുക്കുന്നത്.

രണ്ട് തരത്തിലുള്ള പഠന മാതൃകകളും  പിസി ഉപയോഗിച്ചുള്ള പഠനവും നേരിട്ടു വന്നുള്ള പഠനവും ഉപയോഗിക്കുന്നുണ്ടെങ്കിലും അവ തികച്ചും രണ്ട് വ്യത്യസ്ത പഠന മാതൃകകളാണ്. ഇതുപോലുള്ള സമയങ്ങളിൽ, രണ്ട് പഠന മാതൃകകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വളരെ പ്രയോജനകരമാണ്.